കുറ്റ്യാടി പദ്ധതി
കോഴിക്കോട് ജില്ലയുടെ വടക്കൻ പ്രദേശത്ത് സ്ഥിതിചെയ്യുന്ന് ഒരു ചെറിയ പട്ടണമാണ് കുറ്റ്യാടി. വൈദ്യുത ഉത്പാദനം ലക്ഷ്യമിട്ടും, മലബാർ മേഖലയിലെ ജലസേചനം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഇവിടെ നടപ്പിലാക്കിയ പദ്ധതിയാണ് കുറ്റ്യാടി പദ്ധതി. ഒരു വിവിധോദ്ദേശ്യ പദ്ധതിയായ ഇത് മലബാർ മേഖലയുടെ കാർഷിക വ്യാവസായിക പുരോഗതിയെ കാര്യമായി സ്വാധീനിക്കുന്നു. 1972 -ലാണ് കുറ്റ്യാടി വൈദ്യുതപദ്ധതി പ്രവർത്തനം തുടങ്ങിയത്. അടിസ്ഥാനപരമായി ഒരു ജലവൈദ്യുത-ജലസേചന പദ്ധതിയായ കുറ്റ്യാടി പദ്ധതിയുടെ പവർഹൗസ് കക്കയത്താണ് സ്ഥിതിചെയ്യുന്നത്. വൈദ്യുതി ഉത്പാദിപ്പിച്ചശേഷം ഈ വെള്ളം പെരുവണ്ണാമൂഴിയിൽ എത്തുന്നു. പെരുവണ്ണാമൂഴിയിലെത്തുന്ന ജലം ഇവിടെ അണകെട്ടിതടഞ്ഞുനിർത്തിയാണ് ജലസേചന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഏതാണ്ട് 36000 ഹെക്ടർ പ്രദേശത്ത് വെള്ളമെത്തിക്കാൻ ഈ അണക്കെട്ട് പ്രയോജനപ്പെടുന്നു.